തിരുവല്ല: ദൈവം നൽകിയ കഴിവുകളും സാധ്യതകളും മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നതാണ് വൈഎംസിഎയുടെ ദൗത്യമെന്ന് ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. സ്വന്തം കഴിവുകളും വിഭവങ്ങളും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന കൂട്ടായ്മയായി വൈഎംസിഎ മാറണം.
സ്നേഹത്തിൽ അധിഷ്ഠിതമായി, സ്വയം പ്രേരിതമായി മറ്റുള്ളവരെ കരുതുകയും സമാധാനപൂർണമായ ജീവിതം സാധ്യമാകുന്ന ലോകക്രമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹമായി വളരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല വൈഎംസിഎയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈഎംസിഎ പ്രസിഡന്റ് ജയിംസ് ടി. അധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
മികച്ച സാംസ്കാരിക സംഭാവനയ്ക്കുള്ള വൈഎംസിഎയുടെ ആദരം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ഐപ്പ് തോമസ് ഏറ്റുവാങ്ങി. രാജസ്ഥാൻ സർക്കാരിന്റെ അക്കൗണ്ടന്റ് ജനറലിന്റെ അഡ്വൈസറി ബോർഡ് അംഗമായി നിയമിതനായ ജോർജ് ചെറിയാനെയും ചടങ്ങിൽ ആദരിച്ചു.വൈഎംസിഎ ദേശീയ എക്യുമെനിക്കൽ ആൻഡ് ഇന്റർ-റിലീജിയസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, വൈഡബ്ല്യുസിഎ പ്രസിഡന്റ് ഐറിൻ കോശി, വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് ജിജു മാത്യു പുലിയേലിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. കുര്യൻ ജോൺ, എ.ജി. ജോർജ്, ജോർജ് മാത്യു, തോമസ് വർഗീസ്, അഡ്വ. കുരുവിള വർഗീസ്, ലിയോൺ വർഗീസ് ഏബ്രഹാം, പാസ്റ്റർ സി.പി. മോനായി, സെക്രട്ടറി ജോയി ജോൺ, എന്നിവർ പ്രസംഗിച്ചു.ടേബിൾ ടെന്നീസിൽ ജില്ലാ തലത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.